2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

perod usthadRead More

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

മലബാറിന്റെ പെരുമ ലൊകമെങ്ങും പരത്തിയ വിശ്രുത പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടുന്ന ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം. ഹിജ്റ 938 (എ.ഡി.1531) ല്‍ മാഹിയിലെ ചോമ്പാലില്‍ ജനിച്ചു. ശൈഖ് സൈനുദ്ദീന്‍ കബീറിന്റെ മൂന്നാമത്തെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലിയാണ് പിതാവ്.

ഖുര്‍ആന്‍ പ്രാഥമിക വിജ്ഞാനങ്ങള്‍ എന്നിവ പിതാവില്‍ നിന്നു തന്നെയാണ് കരസ്ഥമാക്കിയത്. പിന്നീട് ഉപരി പഠനാര്‍ത്ഥം പൊന്നാനിയിലെത്തി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ മൗലാനാ ഇസ്മാഈല്‍ ബാദുക്കലി (ബട്ക്കല്‍) ആയിരുന്നു ഗുരുനാഥന്‍. അനന്തരം ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമില്‍ നിന്നും അനേകം കിതാബുകള്‍ ഓതി. പൊന്നാനിയില്‍ വച്ച് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പിന്നീട് മക്കയിലെത്തി മസ്ജിദുല്‍ ഹറമിലെ ദര്‍സില്‍ ചേര്‍ന്നു. ശൈഖ് അല്‍ ഇമാം അല്ലാമാ മുഹദ്ദിസുശ്ശഹീര്‍ അല്‍ ഹാഫിസ് ശിഹാബുദ്ദീന്‍ അഹമ്മദ് ഇബ്നു ഹജറുല്‍ ഹൈതമിയായിരുന്നു ഗുരുനാഥന്‍. ശൈഖ് ഇസ്സുദ്ദീന്‍ ഇബ്നു അബ്ദുല്‍ അസീസ് അസ്സുമരി, അല്ലാമാ വജീഹുദ്ദീന്‍ അബ്ദു റഹ്മാനുബ്നു സിയാദ്, ശൈഖ് മുഹമ്മദ് ഇബ്നു അഹമദ് റംലി, ശൈഖ് അബ്ദു റഊഫുല്‍ മക്കിയ്യി എന്നിവര്‍ ഗുരു നാഥന്മാരാണ്. പത്ത് വര്‍ഷത്തോളം വിജ്ഞാന സമ്പാദനത്തിനായി മക്കയില്‍ ചിലവഴിച്ചു. കര്‍മ്മശാസ്ത്രത്തിലും ഹദീസിലും വ്യുല്‍പ്പത്തി നേടിയ മഹാനവര്‍കളെ ഹറമിലെ ഉലമാക്കള്‍ മുഹദ്ദിസ് എന്നു വിളിച്ചിരുന്നു. ഖാദിരീ ത്വരീഖത്തും ദല്‍വീഷിന്റെ സ്ഥാന വസ്ത്രവും സ്വീകരിച്ചത് ശൈഖ് മുഹമ്മദുല്‍ സിദ്ദീഖി ബകരി (റ) വില്‍ നിന്നാണു. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ നൈപുണ്യം നേടിയ ശൈഖവര്‍കള്‍ ഉലമാക്കള്‍ക്കിടയില്‍ ഖ്യാതി നേടിയിരുന്നു.

മക്കയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പൊന്നാനിയിലേക്ക് യാത്ര തിരിച്ചു. പ്രധാന ഗുരുവായ ഇബ്നു ഹജറുല്‍ ഹൈതമിയൊടൊപ്പമായിരുന്നു യാത്ര. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പിതാവിന്റെ ഖബര്‍ സന്ദര്‍ശനമായിരുന്നു സന്ദര്‍ശനോദ്ദേശം. പൊന്നാനിയിലെ രണ്ടു മാസക്കാലത്തെ താമസത്തിനിടക്ക് മഹാനവര്‍കള്‍ ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഹദീസ്, മറ്റു വിജ്ഞാന ശാഖകള്‍ എന്നിവയില്‍ വലിയ ജുമുഅത്ത്‌ പള്ളിയില്‍ അധ്യാപനവും നടത്തി. മഹാനവര്‍കള്‍ പൊന്നാനിയില്‍ വന്നപ്പോള്‍ കൊണ്ടുവന്ന കല്ല്‌ തൂക്കിയിട്ട ചങ്ങല വിളക്കിനു താഴെ സ്ഥാപിച്ചിരിക്കുന്നു. ആ കല്ലിനു മുകളിലാണ് തിരിവിളക്കില്‍ ഒഴിക്കാനുള്ള എണ്ണപ്പാത്രം വെച്ചിരിക്കുന്നത്. ഇന്നും ആ വിളക്കിന്റെ പ്രകാശ ധാരക്ക് ചുറ്റും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ വിജ്ഞാനത്തിന്റെ മധു നുകരുന്നത്.

മക്കയില്‍ നിന്നും തിരിച്ചെത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ പൊന്നാനിയിലെ വലിയ പള്ളിയില്‍ മുദരിസായി അധ്യാപനം ആരംഭിച്ചു. ഈ അതി ശ്രേഷ്ഠനായ ഗുരു പ്രസംഗ കലയിലും എഴുത്തിലും നിപുണനായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ സാമൂതിരി രാജാവിനെ സഹായിക്കുകയും പോര്‍ചുഗീസുകാര്‍ക്കെതിരെ മാപ്പിള മുസ്‌ലിംകളെയും മുസ്‌ലിം രാജാക്കന്മാരെയും സംഘടിപ്പിക്കുന്നതില്‍ വ്യാപൃതനാവുകയും ചെയ്തു. മുഗള്‍ചക്രവര്‍ത്തി അക്ബര്‍ ഷാ, ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ, തുര്‍ക്കി സുല്‍ത്താന്‍ എന്നിവരൊടൊക്കെ അടുത്ത ബന്ധം പുലര്‍ത്തി. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ആഗോള കൂട്ടായ്മക്കായ് പരിശ്രമിച്ചു.

ശൈഖവര്‍കളുടെ അനുഗ്രഹീത തൂലികയില്‍ നിന്നും ഇസ്ലാമിക ലോകത്തിനു ഒട്ടനവധി വിശിഷ്ട ഗ്രന്ഥങ്ങള്‍ ലഭിച്ചു. അവയില്‍ ഏറ്റം പ്രശസ്ഥമാണ് 'ഫത്ഹുല്‍ മുഈന്‍ ബി ശറഇ ഖുര്‍റത്തില്‍ ഐന്‍' എന്ന ശാഫിഈ മദ്ഹബിലെ കര്‍മ്മ ശാസ്ത്ര ഗ്രന്ഥം. ഫത്ഹുല്‍ മുഈന്‍ നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഹ്കാമുന്നികാഹ്, മന്‍ഹജുല്‍ വാളിഹ്, അജ് വിബത്തുല്‍ അജീബ, ശറഹു സ്സുദൂര്‍, അല്‍ ജവാഹിര്‍ ഫീ ഉഖൂബത്തി അഹ് ലില്‍ കബാഇര്‍, ഫതാവല്‍ ഹിന്ദിയ്യ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ വേറെയും മഹാനവര്‍കള്‍ രചിച്ചു .

കേരളത്തിന്റെ പ്രഥമ ചരിത്രകാരന്‍ കൂടിയാണ് ശൈഖവര്‍കള്‍. തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ ( പോര്‍ച്ചുഗീസ് വിരുദ്ധ പോരാളികള്‍ക്ക് ഒരു ഉപഹാരം) എന്ന ഗ്രന്ഥമാണ് കേരളത്തിന്റെ അറിയപ്പെട്ട ആദ്യത്തെ ചരിത്ര ഗ്രന്ഥം. പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ക്കെതിരില്‍ സാമൂതിരിയൊടൊപ്പം ചേര്‍ന്നു മുസ്‌ലിംകളെ സായുധ സമരത്തിനു ആഹ്വാനം ചെയ്യുകയാണീ കൃതിയില്‍. ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ഷായുടെ മുമ്പിലാണീ ഗ്രന്ഥം സമര്‍പ്പിക്കപ്പെട്ടത്. ഈ ഗ്രന്ഥം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉര്‍ദു തുടങ്ങിയ മിക്ക ലോക ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എക്കാലത്തെയും വിശ്രുത പണ്ഡിതനും ധീരനായ രാജ്യ സ്നേഹിയും മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവും ചരിത്രകാരനുമാണ്. മഹാനവര്‍കള്‍ വഫാത്തായത് ചോമ്പാലില്‍ വെച്ചാണ്. വടകരക്കടുത്ത കുഞ്ഞിപ്പള്ളി ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. വഫാത്തായത് ഹിജ്റ 978 ( എ.ഡി. 1570 / 71)ലാണെന്നും അതല്ല 991( എ.ഡി. 1583 / 84) ലാണെന്നും അഭിപ്രായ വ്യത്യാസമുണ്ട്.Read More

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ

പൊന്നാനി. "മലബാറിന്റെ മക്ക" എന്നറിയപ്പെടുന്ന ദേശം. പൊന്‍ നാണയം ലോപിച്ചാണ് പൊന്നാനിയായത്. മഖ്ദൂമുമാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പൊന്നാനി ഇസ്ലാമിക വിജ്ഞാനങ്ങളുടെ കലവറയാണ്. ഒട്ടേറെ പണ്ഡിത ശിരോമണികളെ വാര്‍ത്തെടുത്ത ഈ പുണ്യ ദേശത്തിന്റെ സുവര്‍ണ ചരിത്രങ്ങളുടെ നിത്യ സ്മാരകങ്ങളായി പൊന്നാനി വലിയ ജുമുഅത്ത്‌ പള്ളിയും മഖ്ദൂമുമാരുടെ മഖ്ബറയും.



സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഹിജ്റ 871 ശഹബാൻ 12 വ്യാഴാഴ്ച്ച (എ.ഡി.1467) പ്രഭാത കൊച്ചിയിലെ കൊച്ചങ്ങാടിയിലെ മഖ്ദൂമിയ ഭവനത്തിൽ ജനിച്ചു. മഹനവർകളുടെ പിതാമഹനായ ശൈഖ് അഹ്മദ് ആണു ആദ്യമായി കൊച്ചിയിലെത്തുന്നത്. മഖ്ദൂമുമാരുടെ പരമ്പര ചെന്നെത്തുന്നത് ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ദീഖ് (റ)ലാണു. ഹിജ്റ ആറാം നൂറ്റാണ്ടിലാണു സൈനുദ്ദീൻ മഖ്ദൂമിന്റെ പിതാമഹർ ദക്ഷിണ യമനിൽ നിന്നും ഇന്ത്യയിലെത്തിയതെന്നാണു വിശ്വസിക്കപ്പെടുന്നത്. മഅബറിൽ നിന്നും കൊച്ചിയിലെത്തിയ ശൈഖ് അഹ്`മദ് അൽ മഅബരിയുടെ പുത്രന്മാരിലൊരാളായ സൈനുദ്ദീൻ ഇബ്രാഹീം അൽ മഅബരിയായിരുന്നു കൊച്ചിയിലെ ഖാസി. പൊന്നനിയിലെ പൗര പ്രമുഖരുടെ ക്ഷണവും നിർബന്ധവും പൊന്നാനിയിലെ ഖാസി സ്ഥാനമേറ്റെടുക്കുകയും പൊന്നാനിയിൽ എത്തുകയും ചെയ്യാൻ ഒരു നിമിത്തമായി. ഈ സംഭവം പൊന്നാനിയുടെ സുവർണ്ണ ചരിത്രത്തിന്റെ തുടക്കം കുറിച്ചു.



പതിനാലാം വയസ്സിലാണു സൈനുദ്ദീൻ മഖ്ദൂം ഉപരി പഠനാർത്ഥം പൊന്നാനിയിൽ എത്തിയത്. പിതാവായ അലിയ്യുൽ മഅബരിയിൽ നിന്നും കൊച്ചിയിൽ വച്ചു തന്നെ പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ചിരുന്നു. പൊന്നാനിയിലും കോഴിക്കോട്ടും മക്കത്തും ഉപരി പഠനം നടത്തിയതിനു ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെത്തി. ഇന്ത്യയില്‍ നിന്നും അസ്ഹറിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മഹാനവര്‍കളാണ്. അല്‍ അസ്ഹറിന്റെ മാതൃകയില്‍ കേരളത്തില്‍ ഒരു മസ്ജിദ്‌ സ്ഥാപിച്ച് അസ്ഹറിലെ സിലബസ്സും സനദ്‌ ദാനവും അദ്ദേഹം കേരളത്തിനു സമ്മാനിച്ചു. പള്ളി ദര്‍സുകളുടെ ഉപജ്ഞാതാവും മഹാനവര്‍കളാണ്.



ഹിജ്റ 925(എ.ഡി.1519)നാണു വലിയ ജുമുഅത്ത് പള്ളിയുടെ ഉത്ഘാടനം നടന്നത്. 90 അടി നീളവും 60 അടി വീതിയുമുണ്ട് മസ്ജിദിന്റെ ഉൾഭാഗത്തിനു. നിരവധി പ്രഗത്ഭ പണ്ഡിത ശിരോമണികള വാർത്തെടുക്കാൻ ഈ മസ്ജിദിനു സാധിച്ചു. നികുതി നിഷേധ പ്രസ്ത്ഥാനത്തിനു തുടക്കം കുറിച്ച ഉമർ ഖാസി, അനുഗ്രഹീത കവിയും തത്വ ജ്ഞാനിയുമായ കുഞ്ഞായിൻ മുസ്ലിയാർ, 1921 മലബാർ സമര നായകൻ ആലി മുസ്ലിയാർ തുടങ്ങിയവർ അവരിൽ ചിലരാണു.



പോര്‍ച്ചുഗീസുകാരുടെ ക്രൂരതയില്‍ പൊറുതി മുട്ടിയ കേരളീയ ജനതയെ ചെറുത്ത് നില്‍പ്പിന് പ്രാപ്തരാക്കാന്‍ തന്റെ രചനാ പാടവം സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഉപയോഗപ്പെടുത്തി . പോര്‍ച്ചുഗീസുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്നും തുരത്താന്‍ തഹ് രീള് എന്ന പദ്യത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സൈനിക സഹായത്തിനായി ഈജിപ്തിലേക്ക് കത്തയച്ചു. ഈജിപ്തില്‍ നിന്നുമെത്തിയ സൈന്യം പൊന്നാനിയില്‍ നിര്‍മിച്ച മസ്ജിദാണ് മിസ്‌രിപ്പള്ളി എന്നറിയപ്പെടുന്നത്.



കേരളത്തിന്റെ വിജ്ഞാന രംഗത്തിനു അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത ആ മഹാ പണ്ഡിതൻ ഹിജ്റ 928 ശഅബാൻ 16 വെള്ളിയാഴ്ച അർദ്ധ രാത്രിക്കു ശേഷം വഫാത്തായി. മസ്ജിദിന്റെ തെക്ക് കിഴക്ക്‌ ഭാഗത്തുള്ള മതില്‍ക്കെട്ടിനകത്ത് മഖ്ദൂമുമാരുടെ മഖ്ബറ കാണാം Read More