2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

പ്രവാചകാനുചരന്മാരെ വിമർശിക്കുന്നവർ മതത്തിനു പുറത്തെന്ന് സൗദി പണ്ഡിത സഭ


അബുദാബി: പ്രവാചക അനുചരന്മാർക്കോ പ്രവാചക ഭാര്യമാർക്കോ എതിരായ മോശമായ പരാമർശം നടത്തുന്നവർ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്ത് പോകുമെന്ന് സൗദി ഉന്നത പണ്ഡിത സഭ. സൗദിയിലെ പ്രമുഖ പണ്ഡിതനും മുഫ്ത്തിയുമായ സഭാ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതിയാണ്‌ ഇത് സംബന്ധമായി വാർത്താകുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിവിധ സൗദി പത്രങ്ങളും യു.എ.ഇ യിൽ നിന്നുള്ള അൽ അറബിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ്‌ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രവാചകാനുചരന്മാരെ നിന്ദിക്കുന്നവർ അവിശ്വാസികളാണെന്നാണ്‌ പത്രകുറിപ്പ് വ്യക്തമാക്കുന്നത്. സുന്നത്ത് ജമാഅത്ത് ( പ്രാവചകരുടെയും അനുചരന്മാരുടെയും ചര്യ ) അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ്‌ പ്രവാചക അനുചരന്മാരോടും പ്രവാചക കുടുംബത്തോടുമുള്ള സ്നേഹം .പ്രവാചക കുടുംബത്തോടും അനുചരന്മാരോടും വിശ്വാസവും സ്നേഹവും ഇല്ലാതെ ഒരു മനുഷ്യനു കപടവിശ്വാസങ്ങളിൽ നിന്ന് രക്ഷപ്പെടാനാകില്ല. വിശുദ്ധ ഖുർആനിൽ നിന്നും നിരവധി പ്രവാചക അധ്യാപനങ്ങളിൽ നിന്നും നിരവധി ഉദ്ദരണികളികളെടുത്തു കൊണ്ടാണ്‌ സൗദി പണ്ഡിത സഭ തങ്ങളുടെ വീക്ഷണം വ്യക്തമാക്കുന്നത്.

സഹാബത്തിന്റെ (പ്രവാചകാനുചരന്മാർ) പ്രവർത്തനങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ചില ഇസ്ലാമിക വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കുമെതിരെയുള്ള ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പാണ്‌ ഈ പത്രക്കുറിപ്പെന്ന് വിലയിരുത്തപ്പെടുന്നു.

റഫീഖ് വൈലത്തൂർ
സിറാജ് ദിനപത്രം 11-10-2010