2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

കാന്തപുരം ഉസ്താദ് ക്ലോസ് എന്‍കൌണ്ടറില്‍ : റിപ്പോര്‍ട്ടര്‍ ടി.വി. പ്രോഗ്രാം 08/10/2011

മാപ്പിളകലകളില്‍ പരിശീലനം നല്‍കാനും ഗവേഷണം നടത്താനും അക്കാദമി സ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍
സ്വലാത്ത് നഗര്‍(മലപ്പുറം): മാപ്പിളകലാ പ്രേമികള്‍ക്കും ഈ രംഗത്തെ പ്രതിഭകള്‍ക്കും പുതു പ്രതീക്ഷകള്‍ നല്‍കി മാപ്പിളകലാ അക്കാദമി വരുന്നു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലാണ് അക്കാദമി സ്ഥാപിക്കുന്നത്. ഇസ്ലാമിക കലാ സാഹിത്യത്തെ തനതായ രൂപത്തില്‍ നില നിര്‍ത്തുന്നതിനും അവയെ പ്രോല്‍സാഹിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന തീരുമാനം ഇസ്ളാമിക കലാ സാഹിത്യ മേഖലയിലെ പ്രഥമ സംരംഭമാണ്. മാപ്പിളകലാ സാഹിത്യ മേഖലയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ വ്യക്തികളെ ഉപയോഗപ്പെടുത്തിയാണ് പരിശീലനത്തിന് വഴിയൊരുക്കുന്നത്. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപന വേദിയില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രംഗത്ത് പരിശീലന കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മാപ്പിളപ്പാട്ടുള്‍പ്പെടെയുള്ള കലകളേയും മറ്റു പാരമ്പര്യ ഇസ്ളാമിക കലാ സൃഷ്ടികളേയും മാല മൌലിദ് കീര്‍ത്തനങ്ങളേയും ആധുനിക കാലത്തും അവതരിപ്പിക്കാനും അവയെ ജനകീയമാക്കാനും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ വേണമെന്ന് ഈ രംഗത്തെ പ്രമുഖര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയില്‍ ഒരു പരിധി വരെ എസ് എസ് എഫ് സാഹിത്യോല്‍സവുകള്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്െടങ്കിലും പുതിയ കാലഘട്ടത്തില്‍ അവയെ ജനകീയമാക്കാനും പുതു തലമുറക്ക് പരിചയപ്പെടുത്താനും ഇത്തരം വിഷയങ്ങളില്‍ ഗവേഷണം നടത്താനും അക്കാദമികളുടെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എസ് എസ് എഫ് ഇത്തരമൊരു തീരുമാനമെടുക്കുന്നെന്നത് ശ്ളാഘനീയമാണ്. ഇസ്ളാമിക സാഹിത്യത്തിന് അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മാപ്പിളകലാ അക്കാദമി ഈ രംഗത്തെ വലിയൊരു മുന്നേറ്റത്തിന് തന്നെ വഴിയൊരുക്കും. പരിശീന കേന്ദ്രങ്ങളുടെ അഭാവം ഈ കലകളുടെ നില നില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. നബിദിനാഘോഷങ്ങളുടെ ഭാഗമായി മദ്റസ വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്െടങ്കിലും തുടര്‍ പരിശീലനങ്ങള്‍ക്ക് അവസരമില്ലാത്തത് ഇത്തരം പ്രതിഭകളുടെ നൈസര്‍ഗിക വാസനകളെ വേണ്ടത്ര വളര്‍ത്തിയെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കേരളീയ പാരമ്പര്യ കലകളേയും പാശ്ചാത്യ സംഗീതത്തേയുമൊക്കെ കുറിച്ച് പഠിക്കാനും ഗവേഷണം ചെയ്യാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ നിലവിലുള്ളപ്പോള്‍ അത്ര തന്നെ പ്രാധാന്യമുള്ള ഇസ്ളാമിക കലാ സാഹിത്യ ശാഖയെ നില നിര്‍ത്താനും അവയെ കുറിച്ച് പഠിക്കാനും അവസരമില്ലാത്തതിനെ കുറിച്ച് സമുദായ സംഘടനകള്‍ തന്നെ വിലയിരുത്തല്‍ നടത്തണമെന്ന് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു. അന്യം നിന്നു പോകുന്ന മാപ്പിളകലകള്‍ക്ക് അല്‍പ്പമെങ്കിലും ചലനമുണ്ടാക്കാനും അതു വഴി കൂടുതല്‍ പ്രതിഭകള്‍ക്ക് അവസരമുണ്ടാക്കാനും ഇസ്ളാമിക കലാ സാഹിത്യ മേഖലയെ പരിചയപ്പെടുത്തുന്ന വേദികള്‍ വേണമെന്നും തുടര്‍ പരിശീലന സൌകര്യമൊരുക്കണമെന്നും മാപ്പിളകലാ സാഹിത്യ രംഗത്തെ പ്രമുഖരായ ഒ എം കരുവാരക്കുണ്ട്, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ബാപ്പു വെള്ളിപ്പറമ്പ്, ബക്കര്‍ പന്നൂര്‍, ഫൈസല്‍ എളേറ്റില്‍, കോയ കാപ്പാട്, പി ടി എം ആനക്കര, ഒ എം തരുവണ എന്നിവര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അറബി മലയാളം സാഹിത്യത്തിന് ഏറെ വേരോട്ടമുള്ള സംസ്ഥാനത്ത് ഇത്തരം വിഷയങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മാപ്പിളകലാ അക്കാദമി ഈ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ട്ടിക്കുമെന്നുറപ്പാണ്. 08/10/2011