2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

മഅ്ദിന്‍ റംസാന്‍ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ സംബന്ധിച്ച ജനലക്ഷങ്ങള്‍ക്ക് ചൊല്ലിക്കൊടുത്ത ഭീകര വിരുദ്ധ പ്രതിജ്ഞ


ഞങ്ങള്‍ അല്ലാഹുവിന്റെ അടിമകളാണ്. തിരുനബിയുടെ അനുയായികളാണ്. വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും നന്മയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഞങ്ങള്‍ അതിന് സര്‍വ്വത്മനാ പരിശ്രമിക്കും. ഞങ്ങളുടെ കൂട്ടുകുടുംബങ്ങള്‍, ഗുരുക്കന്മാര്‍, സഹജീവികള്‍ എല്ലാ മനുഷ്യര്‍ക്കും നന്മ വരട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും പീഢിതന്റെ കൈപിടിക്കാനും ഞങ്ങള്‍മുന്നില്‍ നില്‍ക്കും. അധാര്‍മികതകളെ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ, കൈവെടിഞ്ഞ് പുതിയൊരു ജീവിതത്തിനായി റമളാനിലെ ഈ പുണ്യരാത്രിയില്‍, വിശ്വാസികളായ ജനലക്ഷങ്ങളോടൊന്നിച്ച് ഞങ്ങള്‍ സന്നദ്ധരാവുന്നു. അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടില്ലെന്ന്് ഞങ്ങള്‍ സ്വയം പറയുന്നു. അപരന്റെ അഭിമാനത്തെ സ്വന്തം അഭിമാനത്തെ പോലെ ഞങ്ങള്‍ ആദരിക്കുന്നു. ഞങ്ങളെ മുസ്‌ലിമാക്കി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്ത അല്ലാഹുവിന്റെ പരിശുദ്ധിയെ ഞങ്ങള്‍ വാഴ്ത്തുന്നു. ഇസ് ലാമിന്റെ പരിപൂര്‍ണ്ണതയെ അംഗീകരിക്കുന്നതോടൊപ്പം മറ്റു മതവിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാനും അവകാശങ്ങള്‍ ധ്വംസിക്കപ്പെടാതിരിക്കാനും ഓരോ നിമിഷത്തിലും ജാഗ്രത പുലര്‍ത്തുമെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. രാജ്യത്തിന്റെ സമ്പത്തും മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കുവാന്‍ ഞങ്ങള്‍ ക്ക് ബാധ്യതയുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഈ പുണ്യമാസത്തിന്റെ വിശുദ്ധിയെ മുന്‍നിറുത്തി ഞങ്ങള്‍ ഒന്ന ്കൂടി പ്രതിജ്ഞ ചെയ്യുന്നു. ഭീകരത, വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത, മതപരവും ജാതീയവും വംശീയവും രാഷ്ട്രീയവും ഭാഷാപരവുമായ വിവേചനങ്ങള്‍ എന്നിവ മഹത്തായ ഇന്ത്യയെ അസ്ഥിരപ്പെടുത്തുമെന്ന്് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മഹത്തായ ബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കല്‍ മുസ്‌ലിംകള്‍ എന്ന നിലയിലും ഇന്ത്യയിലെ ഉത്തമ പൗരന്മാര്‍ എന്ന നിലയിലും പ്രധാന കടമയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ആ കടമ പൂര്‍ണമായി നിറവേറ്റുമെന്ന,് രാജ്യത്തെ ഉയരങ്ങളിലേക്ക് നയിച്ച മഹത്തുക്കളായ മുന്‍ഗാമികളെ ആദരപൂര്‍വ്വം അനുസ്മരിച്ച് കൊണ്ട് വിശുദ്ധമായ ഈ രാത്രിയില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ