2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ബാബരി മസ്‌ജിദ് വിധി-വിവേകത്തിന്റെയും ആത്മ സംയമനത്തിന്റെയും വഴി സ്വികരിക്കുക

ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്‌തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും ആത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു. അരാജകത്വം സൃഷ്ടിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളുണ്ടായിക്കൂടാ. നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും അനുസരിച്ച് മുന്നോട്ട് പോവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണം. ഇപ്പോൾ ബാബരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് സ്വാഭാവിക പരിണതിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ പേരിൽ ഇന്നോളം ഇന്ത്യയിലുണ്ടായ പ്രക്ഷോപങ്ങളും കലാപങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും മറക്കാൻ കഴിയില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തികൾ ഒരു നിലക്കും പ്രോത്സാഹിപ്പിക്കപ്പെടരുത്.

രാഷ്ടീയ താത്പര്യങ്ങൾക്കുപരി കലാ‍പ സാധ്യതകളെ മുന്നിൽകണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾ തികഞ്ഞ ജാഗ്രത പുലർത്തണം. രാജ്യത്തിന്റെ സെക്കുലർ സ്വഭാവം ഉയർത്തിപ്പിടിക്കുന്നതിൽ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിൽക്കണം. കയ്യൂക്കിനും പണക്കൊഴുപ്പിനും നമ്മുടെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് ലോകസമൂഹത്തെ ബോധ്യപ്പെടുത്താൻ ഇതിലൂടെ നമുക്ക് കഴിയണം.


1992 ഡിസംബർ 6 ന് ഇന്ത്യയുടെ നിയമ വാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകർത്തത് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേല്പിച്ച കാര്യം നമുക്ക് മറക്കാൻ കഴിയില്ല.

സപ്‌തംബർ 24 ന് വിധി വരുമെന്ന വാ‍ർത്ത വന്നത് മുതൽ ദേശീയ തലത്തിൽ തന്നെ ആശങ്കയും ഉത്കണ്‌ഠയും നില നിൽക്കുന്നുണ്ടെന്നത് വസ്തുതയാണ്. വിവിധ മതസ്ഥർക്കിടയിൽ വിഭാഗീയതയുടെ മതിൽകെട്ടുകൾ സൃഷ്ടിക്കാൻ ആരെയും അനുവദിക്കരുത്. വർഗ്ഗീയതയും വിധ്വംസക പ്രവർത്തനങ്ങളും രാജ്യത്തെ പിന്നോട്ട് വലിക്കുമെൻ ഇന്ത്യയിലെ ബഹുഭൂരിവിഭാഗം ജനങ്ങളും മനസിലാക്കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ട് അവസരത്തിനൊത്തുയരാൻ വിവിധ മതവിഭാഗങ്ങൾ, രാഷ്ട്രീയ കക്ഷികൾ, ഭരണകൂടങ്ങൾ എല്ലാവർക്കും കഴിയണം. നേതാക്കൾ ആഹ്വാനം പറഞ്ഞു.


പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ:


കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

(ജനറൽ സെക്രട്ടറി, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ)

സയ്യിദ് അലി ബാഫഖി തങ്ങൾ

(ട്രഷറർ, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ )

സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി

(മുശാവറ, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ )


പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

(പ്രസിഡണ്ട്, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)

പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി

(ജനറൽ സെക്രട്ടറി, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)


എൻ.എം. സാദിഖ് സഖാഫി

(പ്രസിഡണ്ട്, എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ